Friday, August 22, 2014

"ഇത്രയും ക്രൂരത ഈ കുരുന്നിനോട് വേണ്ടിയിരുന്നോ?"

 ശിഥില ചിന്തകള്‍ ...!!! ഒരനുഭവക്കുറിപ്പ് 

"ഇത്രയും ക്രൂരത ഈ കുരുന്നിനോട് വേണ്ടിയിരുന്നോ?"

മുഖം പാടെ മറച്ച, രണ്ടു കണ്ണുകള്‍ മാത്രം തിളങ്ങുന്ന കറുത്ത മാലാഖമാരുടെ മുന്നില്‍ നീണ്ട കാത്തിരിപ്പ് . വരാന്തയോടു ചേര്‍ന്ന് മുറ്റത്ത് പുല്‍ത്തകിടി. കുട്ടികള്‍ക്ക് കളിക്കാനൊരിടം. കിട്ടിയ വേളയില്‍ പുറംലോകത്തെ കുളിര്‍മ്മ പകരുന്ന പച്ചയില്‍ എന്‍റെ പൊന്നുമോന്‍ "ഇച്ചു"വിന്റെ കുട്ടിത്തം മാറാത്ത കുസൃതിത്തിമിര്‍പ്പുകള്‍, കളിചിരി നിറഞ്ഞ ഓട്ടവും ചാട്ടവും ഇടയ്ക്കിടെ അട്ടഹാസങ്ങളും. 

അതിന്നിടയില്‍ സന്ദര്‍ശകര്‍ക്കുള്ള ചാരുകസേരയില്‍ എന്‍റെയും സഹധര്‍മ്മിണിയുടെയും അസഹനീയമായ നീണ്ട കാത്തിരിപ്പ്.

പെടുന്നനെ വീണുകിട്ടിയ വിശാലമായ മുറ്റത്തെ കളിക്കിടയില്‍ കറുത്ത മാലാഖമാരുടെ സ്നേഹവയ്പ്കള്‍ .

"ഹിഷാം", " യാ വലദ് "... "താഅല്‍ ഹീന" (ഹേ മോന്‍, കുട്ടീ, ഇവിടെ വരൂ )

മടിച്ചു നിന്ന "ഇച്ചു മോന്‍" ഒടുവില്‍ മാത്രുത്വത്തിനു മുന്നില്‍ വഴങ്ങി, എന്തിനെന്നറിയാതെ, അല്ല കളിയുടെ ക്ഷീണത്തില്‍ അല്‍പ്പം അമ്മിഞ്ഞപ്പാല്‍ നുണയാണെന്ന പോല്‍...?

കറുത്ത മാലാഖമാരുടെ, "ഒരു പക്ഷെ അപ്പോള്‍ കുസൃതിയുടെ കണ്ണിലെ പ്രതികാര ദാഹിയായ കറുത്ത പ്രേതത്തിന്‍റെ" കൈകളില്‍ നീണ്ട മൂര്‍ച്ചയുള്ള കൂര്‍ത്ത സൂചി കൊണ്ട് കുത്തി നോവിക്കാന്‍ വരുന്ന പ്രേതത്തെ കണ്ടു പേടിച്ചരണ്ട കണ്ണുകള്‍,

പ്രകൃതിദത്തമായ, ദിവ്യമായ പ്രതികരണം. ഇളം മനസ്സിന്‍റെ ചെറുത്തു നില്‍പ്പ്, ഒടുവില്‍ ബലമേറിയ ഉമ്മയുടെ കൈകളില്‍ നിസ്സഹായതയുടെ കീഴടങ്ങല്‍ . പിന്നെ കേട്ടത് അസഹിനീയമായ കുത്തി നോവിക്കലിന്റെ ഒന്നല്ല, രണ്ടല്ല, മൂന്നല്ല, നാല് (രണ്ടു കൈകളിലെയും രണ്ടു കാല്‍തുടകളിലേയും) മൃദുലമായ മേനിയില്‍ കൂര്‍ത്ത സൂചിമുനകൊണ്ടുള്ള കുത്തിയിറക്കലില്‍ നോവിന്‍റെ കടുത്ത വേദനയില്‍ പുളയുന്ന കുസൃതിയുടെ ദയനീയമായ വാവിട്ടു കരച്ചില്‍....

എല്ലാം കഴിഞ്ഞു ഒടുവില്‍ ഒരു രക്ഷകനെപ്പോലെ സാന്ത്വന വാക്കുകളുമായെത്തിയ തന്‍റെ മുന്നില്‍ ഓര്‍ക്കാപ്പുറത്ത് ചതിയിലകപ്പെട്ട നിഷ്കളങ്കമായ രണ്ടു കണ്ണുകള്‍...

"ഉപ്പാ ഞാനെന്തു പാപമാണ് ഉപ്പയോട്‌ ചെയ്തത് "

എന്നു കരഞ്ഞുകൊണ്ട്‌ "ഇച്ചുമോന്‍" വളരെ ദയനീയമായി എന്‍റെ മുഖത്തേയ്ക്ക് നോക്കിയപ്പോള്‍ ഒരു വേള എന്‍റെ ഖല്ബും തേങ്ങി. ഇത്രയും, (നാലെണ്ണം) എന്‍റെ മോനോട് വേണ്ടിയിരുന്നോ ? രണ്ടു കയ്യിലും , രണ്ടു കാലിലും ഒരേ സമയം സൂചി കുത്തിക്കേറ്റി എന്തിനു ഈ പിഞ്ചിളം കുഞ്ഞിനെ ഇവര്‍ ഇങ്ങെനെ നോവിച്ചു?

"മോനേ ഇത്രയും എണ്ണം? ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല" , "ഈ ചതി ഉപ്പക്കറിയുമായിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ ഒരേ സമയം ഒന്നിച്ച് കുത്തിവെയ്ക്കാന്‍ മോനെ സമ്മതിക്കില്ലായിരുന്നു". "പൊന്നുമോന്‍ എന്നോട് മാപ്പാക്കണം"

വാക്സിനേഷന്‍ ആണു പോലും, ഒടുക്കത്തെ കുത്തി വെയ്പ്പ് .... ഭൂമിയില്‍ മനുഷ്യ വാസത്തില്‍ അവന്‍റെ തന്നെ കൊടും പാപങ്ങളില്‍ പിറവിയെടുക്കുന്ന മഹാ രോഗങ്ങളില്‍ നിന്നും രക്ഷ പ്രാപിക്കല്‍ , അല്ല മുന്‍‌കൂര്‍ ജാമ്യം...

പ്രതിരോധത്തിന്‍റെ, ചെറുത്തുനില്‍പ്പിന്റെ നാളുകള്‍ കുഞ്ഞു ഭൂമിയില്‍ പിറന്നു വീഴുമ്പോഴേ തുടങ്ങുകയായി... ?

കുഞ്ഞിനെ ഒരു തുടര്‍ പ്രഹേളിക പോലെ പിന്തുടരുന്ന കുത്തിവെയ്പ്പുകള്‍ , പലപ്പോഴും ജീവന് വരെ ഭീഷണിയാവുന്ന കുത്തിവേയ്പ്പുകള്‍ ...?

ഹാ കാലമേ നീ യെത്ര വിചിത്രം, കാലമേ നീ തന്നെ സാക്ഷി, ഞാന്‍ (മനുഷ്യന്‍) വെറുമൊരു നിസ്സഹായന്‍ ...!!!

 

വായനക്കിടയിലെ ഓര്‍മ്മക്കുറിപ്പുകള്‍ ...!!!

വായനക്കിടയിലെ ഓര്‍മ്മക്കുറിപ്പുകള്‍ ...!!!

"സ്നേഹം എന്ന വാക്കിന്‍റെ അര്‍ത്ഥം എന്താണ് ?"

ഗുരുനാഥന്റെ മുഖം പ്രകാശിച്ചു . പാണിനിയും പതഞ്‌ജലിയും ഭര്‍ത്തൃഹരിയും ദഹിച്ചുചേര്‍ന്ന ആ നിശിതപ്രജ്ഞ സ്ഫുടവും വ്യക്തവുമായി മറുപടി നല്‍കി .

"ഹിന്‍സ് " എന്ന ധാതുവിന്റെ വിപരീതമായ "സ്നിഹ് " എന്ന ധാതുവില്‍ നിന്ന് "ഹിംസ" എന്ന വാക്ക് ഉത്ഭവിക്കുന്നു .

"ഹിംസ"യുടെ വിപരീതമാണ് "സ്നേഹം" അതായത് സ്നേഹം അഹിംസയാകുന്നു . മനസ്സു കൊണ്ടും വാക്കു കൊണ്ടും പ്രവൃത്തികൊണ്ടുമുള്ള പൂര്‍ണ്ണമായ അഹിംസയാണ് സ്നേഹം. സ്നേഹിക്കുന്നവന്‍ ഹിംസിക്കുകയില്ല .

സ്നേഹിക്കൂ കുഞ്ഞേ, സര്‍വ്വ ചരാചരങ്ങളെയും സ്നേഹിക്കൂ . നീ നന്നായി വരും . പരിപൂര്‍ണ്ണതയിലേയ്ക്ക് പോകൂ. ശാന്തി , ശാന്തി , ശാന്തി "

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ ചിദംബര സ്മരണയില്‍ നിന്നും