Wednesday, May 21, 2014

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

"സ്കൂള്‍ - പഠനനിലവാരം പരിശോധിക്കുന്നതിന്നു പതിവുപോലെ എ ഇ ഒ നാളെ നമ്മുടെ സ്കൂള്‍ സന്ദര്‍ശിക്കാന്‍ വരുന്നുണ്ട്",

എല്ലാവരും യൂണിഫോം നന്നായി ധരിച്ചിരിക്കണം". "അദ്ദേഹം നിങ്ങളോട് പാഠട്യേതര വിഷയങ്ങളെക്കുറിച്ച് ചിലപ്പോള്‍ ചോദ്യങ്ങള്‍ ചോദിച്ചേയ്ക്കാം, ആരും തര്‍ക്കുത്തരം പറയരുത്"

എന്നു ക്ളാസദ്ധ്യാപകന്‍ പറഞ്ഞുകേട്ട്, പിറ്റേന്ന് ഉറക്കച്ചടവുമായി ക്ളാസ്സില്‍ കാല്‍മുട്ട് വിറച്ച് , എന്ത്വായിരിക്കും അദ്ദേഹം ചോദിക്കുക എന്നറിയാതെ പകച്ചു നില്ക്കുമ്പോള്‍ മുമ്പില്‍ ചെറു പുഞ്ചിരിയുമായി സൌമ്യനായി പ്രത്യക്ഷപ്പെട്ട, പ്രിയ അദ്ധ്യാപകന്‍...,

അന്ത:വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ തന്റ പ്രവര്‍ത്തന മേഘലയില്‍ നിരന്തരം ശബ്ദമുയര്‍ത്തിയ നാട്ടിലെ ഒട്ടേറെ സാംസ്ക്കാരിക സംഘടനകള്‍ക്ക് നേതൃത്വം നല്കിയിരുന്ന, പ്രത്യേകിച്ച് യുവാക്കള്‍ക്ക്യു പ്രചോദനമായിരുന്ന, വഴികാട്ടിയായിരുന്ന, എപ്പോഴും ലളിതമായി ശുഭ്ര വസ്ത്രം മാത്രം ധരിച്ചിരുന്ന, (ഇന്ന് നമ്മോടോപ്പമില്ലാത്ത), നാട്ടുകാര്‍ സ്നേഹ പൂര്‍വ്വം കെ. ടി മാഷ്‌ എന്നു വിളിച്ചിരുന്ന, പ്രിയ എ ഇ ഒ കണ്ണച്ചംതൊടി മുഹമ്മത് കുട്ടി മാഷിനു...!!!

മലയാള കവിതയുടെ, കഥാ സാഹിത്യത്തിന്റ, വായനയുടെ മാസ്മരിക ലോകത്തേയ്ക്ക് കവിതയിലൂടെ, കഥയിലൂടെ, പുരാണ ഇതിഹാസങ്ങളിലൂടെ സ്കൂള്‍ ലൈബ്രറിയിലൂടെ എന്നെ കൂട്ടിക്കൊണ്ടു പോയ കോട്ടയത്തുനിന്നും ഞങ്ങളുടെ നാട്ടില്‍ തന്റ ജീവിത കാലം മുഴുവനും സേവനമനുഷ്ടിച്ച, കാല യവനികക്കുള്ളില്‍ മറഞ്ഞ പ്രിയ രാജപ്പന്‍ മാഷിനു...!!!

ഒരു കാലത്ത് വേങ്ങര വിദ്യാഭ്യാസ ജില്ലാ തല സ്കൂള്‍ കായിക മേളയില്‍ തുടര്‍ച്ചയായി ഞങ്ങളുടെ സ്കൂളിനു (തേഞ്ഞിപ്പലം ജി യു പി സ്കൂള്‍) 
വേങ്ങര-കോഴിച്ചിന എം എസ് പി ഗ്രൗണ്ടില്‍ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കി കൈകളില്‍ വലിയ കപ്പുമേന്തി പെരുമഴയില്‍ റോഡിലൂടെ ആര്‍പ്പു വിളിച്ചു വന്നിരുന്ന കുട്ടികളുടെ ആഹ്ലാദ പ്രകടനം, (അദ്ദേഹത്തിനു ശേഷം പിന്നീട് ഇതു വരെ കാണാന്‍ സാധിക്കാത്ത വിജയാഹ്ലാദ പ്രകടനം)...!!!

കുട്ടികളില്‍ ഉറങ്ങിക്കിടക്കുന്ന, ഒരിക്കലും അറിയാതെ പോകുമായിരുന്ന കുട്ടികളിലെ കായികവും മാനസികവുമായ കഴിവുകളെ ഉണര്‍ത്തി പ്രോത്സാഹനം നല്‍കി പരിമിതമായ സൌകര്യങ്ങള്‍ മാത്രമുണ്ടായിരുന്ന, സ്കൂള്‍ അങ്കണത്തിലും റോഡുകളിലും വെച്ച് നിരന്തരം പരിശീലിപ്പിച്ചു, ഞങ്ങളുടെ സ്കൂളിന്റ തന്നെ അഭിമാനമായിത്തീര്‍ന്ന, ഒരേ സമയം അച്ചടക്കത്തിന്റ കാര്യത്തില്‍ കുട്ടികളുടെ പേടി സ്വപ്നവും ഒപ്പം നര്‍മ്മ രസത്തിന്റ നിറകുടവുമായിരുന്ന..,

(ഞാനോര്‍ക്കുന്നു, ഒരിക്കല്‍ വിശാലമായ എം എസ് പി ഗ്രൗണ്ടില്‍ ചാറ്റല്‍ മഴയില്‍ തിരക്കേറിയ മത്സരങ്ങള്‍ക്കിടയില്‍, വിശന്നു വലഞ്ഞ ഞങ്ങളില്‍ കുറച്ചു പേര്‍ പട്ടാളക്കാരുടെ അടുക്കളയില്‍ കയറി അവര്‍ നല്‍കിയ കരിഞ്ഞ ചപ്പാത്തിയും ബാജിയും കഴിച്ചു വരുന്നത് കണ്ടു, ഭയചകിതരായ ഞങ്ങളോട് "ഇതിവിടെയാ കിട്ട്യേ" എന്നു സ്വന്തം വയര്‍ തടവി ചോദിച്ച ഞങ്ങളെ ചിരിപ്പിച്ചു കളഞ്ഞ, അദ്ധ്യാപകര്‍ക്കുള്ള നടത്തത്തില്‍ എന്നും ഒന്നാമനായിരുന്ന (ഇന്ന് നമ്മോടൊപ്പമില്ലാത്ത), തിരുവനന്തപുരത്തുകാരനായിരുന്ന പ്രിയ സദാനന്ദന്‍ മാഷിനു...!!!

സമര്‍പ്പിക്കുന്നൂ ഞാനീ എന്‍റെ എളിയ കവിതാ സമാഹാരം "പോക്കുവെയില്‍"....!!! 

തുടരും ......


ബാപ്പു തേഞ്ഞിപ്പലം