"അബു പറഞ്ഞ കഥ"...!!!
ഇന്നലെ അബു വന്നു പറഞ്ഞു. നമുക്കൊരിടം വരെ പോവാനുണ്ട് . എവിടേയ്ക്ക് എന്ന എന്‍റെ ചോദ്യത്തിനുത്തരമായി അബു തുടര്‍ന്നു. കുറച്ചു ദൂരമുണ്ട്. എങ്കിലും ഇന്ന് അവധിയായതിനാല്‍ ഇന്ന് തന്നെ തിരിച്ചു വരാനുള്ള ദൂരമേയുള്ളൂ.
മരുഭൂമിയിലെ നീണ്ട പാതയില്‍ ഞങ്ങളുടെ കാര്‍ പാഞ്ഞുകൊണ്ടിരുന്നു. മരുഭൂമിയില്‍ അനന്തമായി പാഞ്ഞുപോവുന്ന പാതയുടെ ഇരു വശങ്ങളില്‍ ഒട്ടകകൂട്ടങ്ങള്‍ സ്വതന്ത്രമായി മേയുന്നത് എനിക്ക് കാണാമായിരുന്നു. ഇടയ്ക്ക് കൂട്ടം തെറ്റിയതുപോലെ ചില ഒട്ടകങ്ങള്‍ ഒറ്റയായും പാതയില്‍ വിദൂരതയില്‍ മരീചിക കണ്ടെന്ന പോലെ പാതയ്ക്ക് സമാന്തരമായി നടന്നു പോവുന്നു.
പലപ്പോഴും കൂട്ടം തെറ്റിയുള്ള ഈ ഒട്ടകങ്ങള്‍ പെട്ടെന്ന് പാത കുറുകെ കടക്കുമ്പോഴാണ് വലിയ അപകടങ്ങള്‍ സംഭവിക്കുന്നത് എന്നു ഒരു വേള ഞാനോര്‍ത്തു. ഇപ്പോള്‍ ഞങ്ങളുടെ കാര്‍ മണിക്കൂറില്‍ നൂറ്റിഇരുപതു കിലോ മീറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്നു. അവധി ദിനമായതിനാല്‍ ഒരാഴ്ചത്തെ ബാക്കിയുള്ള ഉറക്കം വേണ്ടുവോളം പതിവായി ഉറങ്ങാറുള്ള എനിക്ക് ഉറക്കത്തിന്റെ ആലസ്യം കണ്ണുകളില്‍ തളം കെട്ടുന്നതു പോലെ തോന്നി.
ഉറക്കത്തിലേയ്ക്ക് വഴുതിവീഴുന്ന എന്നെ ഉണര്ത്തുന്നതുപോലെ പോവുംവഴിക്ക് അബു ആ കഥ പങ്കു വെച്ചു. അബുവിന്നു ഒരനിയനുണ്ടായിരുന്നു. അബുവിനെപ്പോലെത്തന്നെ അവനും പ്രവാസിയായിരുന്നു. വീട്ടിന്‍റെ അത്താണിയായിരുന്ന അബു നീണ്ട പ്രവാസത്തില്‍ വീട്ടുകാരെ പോലെത്തന്നെ തന്‍റെ അനിയനേയും സ്നേഹിച്ചു പോന്നു. അനിയന് പ്രവാസത്തിന്‍റെ ഊരാക്കുടുക്കില്‍ ഓരോരോ പ്രശ്നങ്ങള്‍ പിന്തുടരുമ്പോഴും അബു തന്നാലാവുന്ന വിധം എല്ലാ അര്‍ത്ഥത്തിലും അനിയനെ സഹായിച്ചു പോന്നു.
എന്നാല്‍ കാരണവരായിരുന്ന അബുവിനെ അനിയന്‍ വേണ്ടത്ര പരിഗണിച്ചിരുന്നില്ല എന്നു അബു പലപ്പോഴും പറയാറുണ്ടായിരുന്നു. എപ്പോഴും അബുവാണ് അനിയന്‍റെ ക്ഷേമങ്ങള്‍ അന്വേഷിച്ചു അനിയനെ അങ്ങോട്ടു വിളിക്കാറുള്ളത്. തങ്ങളെപ്പോലെത്തന്നെ മറ്റേതൊരു പ്രവാസിയെപ്പോലെ, അബുവിന്നും പ്രശ്നങ്ങളുണ്ടാവുമെന്നോ, താന്‍ മറ്റു സുഹൃത്തുക്കളെ വിളിക്കുന്നത് പോലെ തന്‍റെ സഹോദരനും, കാരണവരെയും തിരിച്ചു വിളിക്കേണ്ടതും ക്ഷേമങ്ങള്‍ അന്വേഷിക്കേണ്ടതും തന്‍റെയും കൂടി ബാദ്ധ്യതയാണ് എന്നു അനിയന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല എന്നു മാത്രമല്ല പലപ്പോഴും അബുവിന്‍റെ വിളിക്ക് തക്കസമയത്തു ഉത്തരം നല്കിയിരുന്നുമില്ല എന്നും അബു വേദനയോടെ പറഞ്ഞപ്പോള്‍ എനിക്കും ദുഃഖം തോന്നി.
ഇപ്പോള്‍ തന്‍റെ അനിയന്‍ വീട്ടിലേയ്ക്ക് ഉപ്പയെയും ഉമ്മയെയും വിളിച്ചിട്ട് നാളുകളേറെയായിരിക്കുന്നുവെന്നും വാര്‍ദ്ധക്യ സഹജമായ ഒട്ടനവധി അസുഖങ്ങള്‍ കൊണ്ട് ജീവിത സായാഹ്നം തള്ളിനീക്കുന്ന അവര്‍ക്ക് അതില്‍ അതിയായ ദുഖമുണ്ടെന്നും അബു എന്നോടു പറഞ്ഞു.
വഴിയരിയാത്ത ഞങ്ങള്‍ക്കു വഴികാട്ടിയായ അബുവിന്‍റെ അനിയന്‍റെ കൂട്ടുകാരന്‍ ഫോണില്‍ അപ്പപ്പോള്‍ പറഞ്ഞു തന്നിരുന്നു. ഒടുവില്‍ ഞങ്ങള്‍ പാതയില്‍ നിന്നും ഊടുവഴിയില്‍ ഏറെ സഞ്ചരിച്ചു ഒറ്റപ്പെട്ട ഒരു ഒരു തുരുത്തിലെന്നപോലെ അബുവിന്‍റെ അനിയന്‍റെ ക്യാമ്പിലെത്തി.
ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ സുഹൃത്തില്‍ നിന്നും ഞങ്ങള്‍ വരുന്നുണ്ടെന്നറിഞ്ഞ അനിയന്‍ ഞങ്ങളെയും കാത്തു ഗെയിറ്റില്‍ തന്നെ നില്‍പ്പുണ്ടായിരുന്നു. കണ്ട മാത്രയില്‍ അബു അനിയനോട് സലാം ചൊല്ലി. രണ്ടു പേരും പരസ്പരം ആലിംഗനബദ്ധരായി. പിന്നെയേറെ നേരം രണ്ടുപേരും വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും സംസാരിച്ചു. അനിയന്‍റെ കൂട്ടുകാരന്‍ ഞങ്ങള്‍ക്ക് ചായയിട്ടു തന്നു. ചായകുടിക്കുന്നതിന്നിടയില്‍ അബു നാട്ടില്‍ നിന്നും അവധിക്ക് പോയി വരുമ്പോള്‍ ഉമ്മ പ്രത്യേകം തയ്യാറാക്കി തന്‍റെ ഇളയ മകന്നു വേണ്ടി അബുവിന്‍റെ കൈവശം കൊടുത്തയച്ച "പൂരം വറുത്തത് " അബു അനിയനു നല്‍കി.
സംസാരിക്കുന്നതിന്നിടയില്‍ അബു തന്‍റെ ഫോണ്‍ എടുത്തു വീട്ടിലേയ്ക്ക് വിളിച്ചു. ഉപ്പയോടും ഉമ്മയോടും താന്‍ അനിയന്‍റെ അടുത്താണെന്നും അവന്‍ സുഖമായിരിക്കുന്നുവെന്നും പറഞ്ഞു തന്‍റെ ഫോണ്‍ അനിയന്‍റെ കയ്യില്‍ കൊടുത്തു. വളരെ നാളുകളായി അനിയന്‍ വീട്ടിലേയ്ക്ക് ഫോണ്‍ വിളിക്കുകയോ ഉപ്പയോടും ഉമ്മയോടും സംസാരിക്കുകയോ ചെയ്തിരുന്നില്ല. ഇപ്പോള്‍ അനിയന്‍ ഉപ്പയോടും ഉമ്മയോടും സംസാരിച്ചു. ഉപ്പയും ഉമ്മയും അവരുടെ പരിഭവങ്ങളും വാത്സല്യവും പരസ്പരം പങ്കുവെച്ചു.
സമയം വളരെ വൈകിയിരിക്കുന്നു. ഒടുവില്‍ അനിവാര്യമായ തിരിച്ചു പോക്കിനു യാത്ര പറഞ്ഞു സലാം ചൊല്ലി ഞങ്ങള്‍ പയ്യെ പടിയിറങ്ങി. തിരിച്ചു വീണ്ടും നീണ്ട പാതയില്‍ എന്‍റെ കാര്‍ പാഞ്ഞു കൊണ്ടിരുന്നു. ഇപ്പോള്‍ അബുവിന്‍റെ കണ്ണുകളില്‍ തന്‍റെ കൂടെപ്പിറപ്പിനെക്കണ്ട സന്തോഷത്താല്‍ അശ്രുകണം പൊഴിയുന്നതു എനിക്ക്ന്നു കാണാമായിരുന്നു. ഒപ്പം ബന്ധങ്ങളുടെ ഇഴ കൂട്ടിയിണക്കിയ സുഖത്തിന്റെ നിര്‍വൃതിയും.
ഒരു നീണ്ട പകലിന്‍റെയും പാതിരാത്രിയുടെയും ഇടയ്ക്കുള്ള യാത്രയുടെ ശുഭ പര്യവസാനത്തിനോടുവില്‍ അബു എന്നോട് വിട പറയുമ്പോള്‍ ഒരു വേള അബുവിനെക്കുറിച്ചു ഞാന്‍ ഒന്നു ആലോചിച്ചുപോയി.
പ്രവാസത്തിന്‍റെ നൊമ്പരം പേറി ഒറ്റപ്പെടലുകളില്‍ നിന്നും ഐശ്വര്യപൂര്‍ണ്ണമായ നല്ല നാളേയ്ക്കു വേണ്ടി അഹോരാത്രം പാടുപെട്ട് പണമുണ്ടാക്കുന്നതിന്റെ തത്രപ്പാടില്‍ നെട്ടോട്ടമോടുമ്പോള്‍ കൂട്ടും കുടുംബവും മറന്നു സുഹൃത്തുക്കളെ ഒറ്റപ്പെടുത്തി ഒടുവില്‍ ഒരു നാള്‍ കയ്യില്‍ നാല് കാശെത്തുംമ്പോഴേയ്ക്കും സ്വന്തമെന്നു പറയാന്‍ പോലും ഉറ്റവരും ഉടയവരും നഷ്ടമാവുന്ന എത്രയോപേരുണ്ടിവിടെ. പലപ്പോഴും എല്ലാവരും കൂടെയുണ്ടെന്ന് വിചാരിക്കുന്നവര്‍ക്ക് പോലും എല്ലാം നേടിയിട്ടു പൂവിട്ടു പൂജിക്കുമെന്നു കരുതിയിരിക്കുമ്പോഴെയ്ക്കും പലപ്പോഴും അവര്‍ക്ക് നഷ്ടമാവുന്നത് അവര്‍ക്ക് ജീവിതം നല്‍കിയ പിന്നീട് ഒരിക്കലും തിരിച്ചു കിട്ടാത്ത മാതൃത്വത്തിന്റെ സ്നേഹാമൃതം ചുരത്തിയ സ്നേഹമയിയായ അവരുടെ ഉമ്മയും, ഒരു കുസൃതിതിക്കുരുന്നായി വിരിമാറില്‍ തത്തിക്കളിപ്പിച്ച വാത്സല്യനിധിയായ ഉപ്പയേയുമായിരിക്കും. പലപ്പോഴും എല്ലാം നേടിയിട്ടു എന്നു വിചാരിക്കുന്നവര്‍ക്ക് പ്രവാസത്തില്‍ ഒന്നും നേടാനാവാതെ എല്ലാം നഷ്ടപ്പെട്ടു ഒറ്റപ്പെട്ട് ജീവിതംതന്നെ വഴിമുട്ടിപ്പോവുന്ന ദുരവസ്ഥയും വിരളമല്ല. പ്രവാസത്തില്‍ അനുസൃതം പെരുകികൊണ്ടിരിക്കുന്ന ആത്മാഹുതികളുടെ കണക്കുകള്‍ നമ്മോടു പറയുന്നതും മറ്റൊന്നല്ല.
അത്തരം അനേകം പ്രവാസികളുടെ ജീവിതവുമായി തട്ടിച്ചു നോക്കുമ്പോള്‍ എനിക്ക് നന്നായി അറിയുന്നതുപോലെ വേറിട്ടു നില്‍ക്കുന്നു അബുവിന്‍റെ ജീവിതം.
ഒരര്‍ത്ഥത്തില്‍ "അബുവിന്‍റെ ജീവിതം എത്ര ധന്യം"...!!!
ബാപ്പു തേഞ്ഞിപ്പലം

No comments:
Post a Comment